നിറഞ്ഞ ആത്മ സംതൃപ്തിയോടെ ഒ.പി സ്വദേശത്തേക്ക് തിരിക്കുന്നു

Header Banner

നിറഞ്ഞ ആത്മ സംതൃപ്തിയോടെ ഒ.പി സ്വദേശത്തേക്ക് തിരിക്കുന്നു

  Wed Aug 02, 2017 10:26        Associations, Malayalam

സ്വദേശത്തിന്‍റെ അതിരുകള്‍ താല്‍ക്കാലികമായി ഉപേഷിച്ച് മണലാരണ്യത്തിലേക്ക് വിമാനം കയറിയ ഒ.പി ഹംസകുട്ടി മുപ്പത്തേഴ് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി മടങ്ങുകയാണ് നാട്ടിലേക്ക്.ജീവിതത്തെ കുറിച്ച് പ്രത്യേഗിച്ച് കാഴ്ചപ്പാടുകളും ഉത്തരവാദിത്തവും ഇല്ലാതെ നാട്ടിന്‍ പുറത്തു നടന്നിരുന്ന ഒ.പിയെ ജേഷ്ഠസഹോദരനായ മൊയ്തു ആണ് ജീവതം പഠിപ്പിക്കാന്‍ വിസ അയച്ചു കൊടുത്ത് പ്രവാസജീവിതത്തിന് പ്രാപ്തമാക്കിയത്.യുവത്വത്തിന്‍റെ പ്രസരിപ്പില്‍ ഹരിത രാഷ്ട്രീയത്തിന്‍റെ ഹരം കയറി തിരൂര്‍ മുന്‍സിപ്പല്‍ പയ്യനങ്ങാടി മേഖല മുസ്ലീം യൂത്ത് ലീഗ് ജന:സെക്രട്ടറി ആയി സജീവ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിക്കുമ്പോഴാണ് ആയിരത്തി തൊള്ളായിരത്തി എണ്‍പതില്‍ അല്‍ ഐനിലെ സലാം ഉബൈദ് അലി സലാം ദര്‍മഖിയുടെ വീട്ടിലേക്ക് ഒ.പി ജോലികെത്തുന്നത്.ആയിരം ഇന്ത്യന്‍ രൂപയ്ക്കു അഞ്ഞൂറ്റി പതിനഞ്ചു ദിര്‍ഹം പകരം നല്‍കേണ്ട കാലഘട്ടത്തില്‍ മുന്നൂറ്റി അമ്പത് ദിര്‍ഹത്തിന്മൂന്ന് വര്‍ഷം അവിടെ ജോലി ചെയ്തു.

മരുഭൂമിയില്‍ ഒട്ടകങ്ങളുമായി കഴിഞ്ഞു കൂടിയ രണ്ടു വര്‍ഷകാലത്തെ പ്രയാസമേറിയ ജീവിതാനുഭവങ്ങള്‍ക്കിടയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആഹ്ലാദിപിച്ച മുസ്ലീം ലീഗ് നേതാക്കളുടെ പര്യടനത്തെ കുറിച്ച് ഒ.പി വാചാലനായത് ഇങ്ങനെ.

1982-ല്‍ മുസ്ലീം ലീഗിന്‍റെ സമുന്നതരായ നേതാക്കന്മാരായ സി.എച്ച് മുഹമ്മദ്‌ കോയ,ഇബ്രാഹിം സുലൈമാന്‍ സേട്ട്,ബി.വി അബ്ദുള്ള കോയ,പി.സീതിഹാജി എന്നിവര്‍ യു.എ.ഇയില്‍ വരുന്നുണ്ട് എന്നറിഞ്ഞ് അല്‍-ഐനിലെ സന്ദര്‍ശനം എന്നാണന്നറിയാന്‍ ദീര്‍ഘദൂര കാല്‍നട യാത്രക്ക് ശേഷം ഞാന്‍ അല-ഐന്‍ ടൌണില്‍ എത്തി.തയ്യമ്പാടി ബാവഹാജിയെ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു ജോലി സ്ഥലത്തേക്ക് തരിച്ചുപോയി,ഒന്ന് രണ്ടു ദിവസത്തിനു ശേഷം അവര്‍ അവിടെ എത്തുന്ന ദിനത്തില്‍ ഞാനും അവിടെ എത്തി.ചന്ദ്രിക പ്രസിദ്ധീകരണത്തിനു വേണ്ടി ഓഫ് സെറ്റ് പ്രെസ്സ് വാങ്ങുന്നതിന്‍റെ പ്രചാരണാര്‍ഥമാണ്’ അവര്‍ വന്നിട്ടുള്ളത്.ഇതിന്‍റെ ആവശ്യാര്‍ത്ഥം ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച സപ്ലിമെന്റില്‍ ആശംസകളര്‍പ്പിച്ച് എന്‍റെ പടവും അച്ചടിചു വന്നിരുന്നു. മലപ്പുറം ജില്ലാ ചന്ദ്രിക റീഡെഴ്സ് ഫോറം പ്രവര്‍ത്തകസമിതി അംഗമായിരുന്നതിനാല്‍ നാട്ടിലെ പത്ത് വര്‍ഷത്തേക്ക് ചന്ദ്രിക വരിക്കാരനായി ചേര്‍ന്നു ഞാന്‍ അന്ന്.

1980-ല്‍ അറബി-ഉറുദു-സംസ്കൃതം ഭാഷകള്‍ക്കെതിരെ നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമങ്ങളെ നിഷ്ക്കാസനം ചെയ്യാന്‍ മുസ്ലീം യൂത്ത് ലീഗ് മലപ്പുറം കളക്ട്രേറ്റിനു മുന്‍പില്‍ നടത്തിയ ഭാഷാ സമരത്തില്‍ പങ്കെടുത്ത് പോലീസിന്‍റെ നിഷ്ട്ടൂരമായ മര്‍ദ്ദന മുറകളില്‍പെട്ട് പരിക്ക് പറ്റി മഞ്ചേരി ജില്ലാ ആശുപത്രിയില്‍ കിടന്നത് സി.എച്ച്നെ കണ്ടപ്പോള്‍ ഓര്‍ത്തുപോയി.1980 ജൂലൈ 30നു മലപ്പുറത്ത് മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപെട്ട മജീദ്‌,റഹ്മാന്‍,കുഞ്ഞിപ്പമാരെ അനുസ്മരിച്ചുകൊണ്ട് സി.എച്ച് നിയമസഭയില്‍ നടത്തിയ പ്രതിഷേധ പ്രസംഗം മനസിലേക്ക് കയറിവന്നു.അബ്ദുള്ള മാസ്റ്റര്‍ തേഞ്ഞിപ്പാലം പ്രസിഡന്റും തയ്യംബാടി ബാവഹാജി ജന:സെക്രട്ടറിയും ഹംസ ഹാജി ട്രഷററും ആയ കമ്മിറ്റിയാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയത്

1983ല്‍ നാട്ടില്‍ പോയി കല്ലിങ്ങല്‍ സൈതുഹാജിയുടെ രണ്ടാമത്തെ മകള്‍ സൈനബയെ സഹധര്‍മ്മിണിയാക്കി തിരിച്ചെത്തി ജോലിയില്‍ ഏര്‍പ്പെട്ട ഒ.പി ആറുമാസങ്ങള്‍ക്ക് ശേഷം സ്പോണ്‍സര്‍ പുറത്ത് ജോലി ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് സൈറ്റ് കാന്‍റീന്‍ ജോലിക്ക് ചേര്‍ന്നു. പിന്നീട് ജേഷ്ഠസഹോദരന്‍റെ സഹായത്തോടെ അല്‍-ഐന്‍ കുവൈത്താത്തില്‍ ആറുവര്‍ഷം ഗ്രോസറി നടത്തി.ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സ് കരസ്ഥമാക്കിയ ഒ.പി തിരൂര്‍ കോട് നിവാസിയായ എം.മൊയ്തീന്ഹാജിയുടെ അല്‍-ആമീന്‍ ബേക്കറിയില്‍ ഡ്രൈവര്‍ കം സെയില്‍സ്മാനായി മൂന്ന് വര്‍ഷം ജോലി ചെയ്തു.അതിനു ശേഷം ദുബൈ ദേര മത്സ്യ മാര്‍ക്കറ്റില്‍ ടാക്സി പിക്കപ്പുമായി സ്വയം തൊഴിലിലേര്‍പെട്ട് മുന്നോട്ടുപോയി.ഇതിനിടയില്‍ സഹോദരിയുടെ മകനുമായി ചേര്‍ന്ന് മദാമില്‍ മൊബൈല്‍ ഷോപ്പ് തുടങ്ങി,ഷാര്‍ജയിലെ അല്‍-ഓല കണ്‍സ്ട്രക്ഷന്‍  ക്യാബ കാന്‍റീന്‍, സോനാപൂര്‍ ലില്ലി ഗ്രൂപ്പ് കാന്‍റീന്‍’ നടത്തി.  

ഇന്നത്തെ പോലെ സാങ്കേതികവിദ്യ വികസിക്കാത്ത കാലത്ത് ടൈപ്പ്റൈറ്റര്‍ വിദഗ്ദ്ധന്‍മാര്‍ക്കായിരുന്നു ജോലി സാധ്യത കൂടുതല്‍.ഇത് കണക്കിലെടുത്തുകൊണ്ട് ചന്ദ്രിക റീഡെഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രസിഡന്‍റ് തേഞ്ഞിപ്പാലം അബ്ദുള്ള മാസ്റ്റര്‍ നേതൃത്വത്തില്‍ ജോലി തേടിയെത്തുന്ന മലയാളികള്‍ക്ക് ടൈപ്പ്റൈറ്റര്‍ പരിശീലനം നല്‍കിയിരുന്നതും,ശൈഖുനാ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ല്യാരുടെ കീഴില്‍ സുന്നി സെന്‍ററില്‍ ഖുര്‍ആന്‍ ക്ലാസ് നടത്തിയതും ഒളിമങ്ങാത്ത ഓര്‍മകളാണ് ഒ.പിക്ക്. മടത്തില്‍ മുസ്തഫ പ്രസിഡന്റും ഖാലിദ്‌ ഹാജി വലിയപറമ്പ് ജന:സെക്രട്ടറിയുമായി യു.എ.ഇ ചന്ദ്രിക റീഡെഴ്സ് ഫോറം നിലനില്‍കുംബോഴാണ് പരസ്പ്പരം കലഹിച്ചു മത്സരിച്ചും ഭിന്നിച്ചും നിന്നിരുന്ന ഇരു ലീഗും ഒന്നാകുന്നത്. അതിനു ശേഷം കെ.എം.സി.സിയായി രൂപാന്തരം പ്രാപിച്ച 1984 മുതല്‍ അതിന്‍റെ സജീവ പ്രവര്‍ത്തകനായി നിലകൊള്ളുന്ന ഓ.പിക്ക് മുസ്ലീം ലീഗും ചന്ദ്രികയും ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്.

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കൌന്സിലര്‍,തിരൂര്‍ മണ്ഡലം ട്രഷറര്‍,മഞ്ചേരി സി.എച്ച് സെന്‍റെര് വൈസ് പ്രസിഡന്‍റ്,തിരൂര്‍ സി.എച്ച് സെന്‍റെര്‍ കമ്മിറ്റി അംഗം , അല്‍ ഹിദായ ഇസ്ലാമിക്‌ സെന്‍റര്‍ അംഗം തുടങ്ങിയ നിലകളില്‍ വിവിധ സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ മത സംഘടനകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒ.പിക്ക് മൂന്ന് ആണ്മക്കളാണ് ഏക മരുമകള്‍ എന്‍ജിനിയര്‍ ബിരുദധാരിയായ സഹദിയയാണ്.മുപ്പത്തിയേഴ് വര്‍ഷമായി ചന്ദ്രികയുടെ സ്ഥിരം വരിക്കാരനായും വായനക്കാരനുമായി മുസ്ലീം ലീഗിന്‍റെ മുഴുസമയ പ്രവര്‍ത്തകനായും നിലപാടുകളില്‍ ഉറച്ചു നിന്ന് രഷ്ട്രീയ ശത്രുക്കളെ വാക്ക് ശരങ്ങള്‍ കൊണ്ടും പ്രതിയോഗികളെ പ്രവര്‍ത്തികൊണ്ടും പരാജയപെടുത്തി മുന്നേറുന്ന ഒ.പിക്ക് മെക്കാനിക്കല്‍ എന്ജിനിയറിങ്കാരനായ മുജീബ് റഹ്മാന്‍,ബീകോം ഡിഗ്രിക്കാരനായ മുഹമ്മദലി ശിഹാബ്, എന്നിവരെ യു.എ.ഇ കെ.എം.സി.സിക്കും എം.ബി.എക്കാരനായ മുനീറിനെ ലണ്ടന്‍ കെ.എം.സി.സിക്കും സമര്‍പ്പിച്ച്‌ നിറഞ്ഞ സംതൃപ്തിയോടെയാണ് നാട്ടിലേക്കു മടങ്ങുന്നത് എന്ന് അഭിമാനിക്കാം.


   നിറഞ്ഞ ആത്മ സംതൃപ്തിയോടെ ഒ.പി സ്വദേശത്തേക്ക് തിരിക്കുന്നു.