പ്രവാസികളുടെ മെഡിക്കല്‍ പരിശോധനയില്‍ വൃക്കപരിശോധന നിര്‍ബന്ധമാക്കുന്നു

Header Banner

പ്രവാസികളുടെ മെഡിക്കല്‍ പരിശോധനയില്‍ വൃക്കപരിശോധന നിര്‍ബന്ധമാക്കുന്നു

  Thu Jan 12, 2017 12:42        Gulf News, Malayalam

ദോഹ : ഖത്തറില്‍ പ്രവാസികള്‍ക്കുള്ള മെഡിക്കല്‍ പരിശോധനയില്‍ വൃക്കപരിശോധനയും നിര്‍ബന്ധമാക്കുന്നു. പരിശോധനയില്‍ വൃക്ക രോഗം കണ്ടെത്തിയാല്‍ അത്തരം വിദേശികള്‍ക്ക് താമസ വിസ അനുവദിക്കില്ല. പൊതു ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. താമസ വിസയില്‍ ഖത്തറിലെത്തുന്ന വിദേശികള്‍ക്ക് വിസാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് നടത്താറുള്ള വൈദ്യ പരിശോധനയിലാണ് ഇനി മുതല്‍ വൃക്ക സംബന്ധമായ അസുഖങ്ങളും ഉള്‍പ്പെടുത്തുന്നത്.

നിലവില്‍ എയിഡ്‌സ്, സിഫിലിസ്, ക്ഷയം, ഹെപ്പറ്ററ്റിസ് ബീ.സീ എന്നീ പരിശോധനകളാണ് മെഡിക്കല്‍ കമ്മീഷന്‍ നടത്തി വരാറുള്ളത്. എന്നാല്‍ വൃക്ക സംബന്ധിയായ അസുഖങ്ങള്‍ ആഗോളതലത്തില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ സാധാരണ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ്  പുതിയ നിയമം നടപ്പിലാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൃക്കരോഗമുള്ളവര്‍ക്ക് ഖത്തറില്‍ സ്ഥിരതാമസത്തിനു അനുമതി ലഭിക്കില്ലെന്നും അവരെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കുമെന്നും മെഡിക്കല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഇബ്രാഹിം അല്‍ ഷെയര്‍ അറിയിച്ചു.  

ഖത്തറില്‍ മാത്രം വര്‍ഷം തോറും മുന്നൂറോളം വൃക്ക രോഗികള്‍ പുതുതായി  ഡയാലിസിസിന് വിധേയരാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2013 ല്‍ പുറത്തിറങ്ങിയ കണക്കുകള്‍ പ്രകാരം ഖത്തര്‍ ജനസംഖ്യയില്‍ 13 ശതമാനം ആളുകള്‍ക്ക് വൃക്ക രോഗമുണ്ടെന്ന് സ്ഥിരീകരണമുണ്ട്. കഴിഞ്ഞ വര്‍ഷം  എട്ടു ലക്ഷത്തോളം പ്രവാസികളെ വിവിധ ടെസ്റ്റുകള്‍ക്കു വിധേയമാക്കിയതായും മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചു. വീട്ടു ജോലിക്കാരുടെയും സാധാരണ തൊഴിലാളികളുടെയും വൈദ്യ പരിശോധനകള്‍  വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, വൃക്ക സംബന്ധിയായ ടെസ്റ്റുകള്‍ ഏറ്റവും അധികം ബാധിക്കുക ബ്ലൂ കോളര്‍ തൊഴിലാളികളെയായിരിക്കുമെന്നും മെച്ചപ്പെട്ട ജോലിയില്‍ പ്രവേശിച്ചവര്‍ക്കു ഇത് ബാധകമായിരിക്കില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.


   Medical inspection,compulsory in captivity,UAE